A sane woman
എല്ലാ ഗ്രാമങ്ങളിലും മറ്റുള്ളവരുടെ അതായതു ഭൂരിപക്ഷത്തിന്റെ കാഴ്ചപ്പാടുകൾ അനുസരിച്ചു ഭ്രാന്തൻ എന്ന് വിളിക്കുന്ന ഒരാൾ ഉണ്ടാകും . എല്ലാവരും അയാളെ ദയനീയ ഭാവത്തോടെ നോക്കും. ചിലരെങ്കിലും അവരെ കാണുമ്പോൾ ചിരിക്കും മാറി നിന്ന് പരിഹസിക്കും. എൻ്റെ സ്ഥലത്തും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. അത് ഒരു സ്ത്രീ ആയിരുന്നു. ഞാൻ അവരെ ആദ്യമായി കാണുന്നത് എന്റെ അയൽക്കാരനായ സുഹൃത്തിന്റെ വീട്ടിൽ വെച്ചാണ്. അന്ന് ഞാൻ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്നു. അവൻ ആറാം ക്ലാസ്സിലും. അവനെ പഠിപ്പിക്കാനാണ് അവർ വന്നത്. കുറച്ചു കുസൃതി ആയ അവൻ വാശി പിടിച്ചു ഞാനും കൂടെ ഇരിക്കണം എന്നാലേ അവൻ പഠിക്കു എന്ന്. അങ്ങനെ ഞാനും കൂടെ ഇരുന്നു. അന്ന് ഞാൻ കണ്ടത് വളരെ സൗമ്യമായി ക്ഷമയോടെ അവനെ പഠിപ്പിക്കുന്ന ഒരു അദ്ധ്യാപികയെയാണ് . ഒരു മാസം തുടർന്നു അവരുടെ ക്ലാസ്സ്. മിക്ക ദിവസവും ഞാനും അവിടെ ഉണ്ടാവും. അത് കഴിഞ്ഞു കുറേ നാൾ ഞാൻ അവരെ കണ്ടില്ല. ഞാനും അവരെ മറന്നു.
അങ്ങനെ ഒരു നാൾ എൻ്റെ സുഹൃത്ത് അവിടെ നിന്ന് വീട് മാറി പോയി . ഞാൻ കോളേജിൽ ചേർന്നു . ഒരു ദിവസം ടൗണിൽ പോകാൻ ബസ് കാത്തു നിൽക്കുമ്പോൾ ഞാൻ അവരെ വീണ്ടും കണ്ടു. കടും നിറമുള്ള സാരി , മുടി ചുരുട്ടി മുകളിലോട്ടു കെട്ടി വെച്ചിരിക്കുന്നു, തലയിൽ പ്ലാസ്റ്റിക് ക്ലിപ്പ് , സാരിയാണെങ്കിലോ വളരെ വിചിത്രമായ രീതിയിൽ ഉടുത്തിരിക്കുന്നു. ഒരു കയ്യിൽ കുറെ പത്രങ്ങളുടെ ഒരു കെട്ടു നെഞ്ചോടു ചേർത്ത് പിടിച്ചിരിക്കുന്നു. മറ്റേ കയ്യിൽ നരച്ച ഒരു കറുത്ത കുടയും. ആൾ വല്ലാതെ ശോഷിച്ചിരുന്നു. ബസ് കാത്തു നിന്ന മറ്റു പലരും അവരെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് അവർ എന്നെ കണ്ടു. ഒരു ചിരിയോടു കൂടെ എൻ്റെ അടുത്ത് വന്നു.
" ഹായ് ആതിര എന്തൊക്കെ ഉണ്ട് വിശേഷം ഒരുപാട് നാളായി കണ്ടിട്ട് ."
ഞാനും ചിരിച്ചു അവരോടു കാര്യങ്ങൾ തിരക്കി. മറ്റുള്ളവർ ഞങ്ങളുടെ വർത്തമാനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
" ടീച്ചർ ഇപ്പൊ എങ്ങോട്ടാണ്." ഞാൻ ചോദിച്ചു.
കുറച്ചു കുട്ടികൾക്കു ക്ലാസ് എടുക്കുന്നുണ്ട് അവിടെ പോവാ. പിന്നെ ആതിര ഞാൻ പേഴ്സ് എടുക്കാൻ മറന്നു ഒരു ട്വന്റി റുപ്പീസ് തരാമോ.
ഞാൻ ഉടനെ തന്നെ അവർക്കു പൈസ കൊടുത്തു.
താങ്ക്സ് ആതിര
ഉടനെ തന്നെ ബസ് വന്നു ഞാൻ കേറി. എന്റെ സീറ്റിൽ നിന്ന് ഞാൻ അവർക്കു കൈ കാണിച്ചു. അവർ നടന്നു പോകുന്നത് ഞാൻ കണ്ടു.
പിന്നീട് ഞാൻ എപ്പോ പുറത്തു പോയാലും അവരെ കാണുക പതിവായി. വെയിലത്തും മഴയത്തും അവർ പത്രങ്ങളുടെ കെട്ടും പിടിച്ചു നടന്നു പോകുന്ന കാഴ്ച്ച കാണാമായിരുന്നു. പത്രങ്ങളുടെ ഭാരം കൂടി കൂടി വന്നു.
എന്നെ കണ്ടാൽ അവർ എപ്പോഴും ഇരുപതു രൂപ ചോദിക്കും. ഞാൻ അത് അവർക്കു കൊടുക്കുകയും ചെയ്യും. പിന്നീട് ഞാൻ അവരെ കണ്ടാൽ ഒളിച്ചു വഴി മാറി പോകാനും തുടങ്ങി.
ഒരു ദിവസം അവരെ കണ്ടപ്പോൾ ഞാൻ ചോദിച്ചു
'ടീച്ചർ ഈ കയ്യിലുള്ള പേപ്പർ ഒക്കെ എന്താണ്?"
"ഓ ഇത് കുട്ടികളുടെ ആൻസർ പേപ്പേഴ്‌സാണ്."
പിന്നെ നല്ല മഴയുള്ള ഒരു ദിവസം . എനിക്ക് അന്ന് അവധിയായിരുന്നു. കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് ഞാൻ കതകു തുറന്നപ്പോ അവർ നിൽക്കുന്നു . എന്റെ കുട പൊട്ടിപ്പോയി ആതിര കുട തരുമോ. ഞാൻ പിന്നീട് തിരിച്ചു തരാം.
ഞാൻ കുട കൊടുത്തു.
അത് കഴിഞ്ഞു ഞാൻ അവരെ കണ്ടതേയില്ല. അവിടെ ആരൊക്കെയോ പറഞ്ഞു അവരെ ഹോസ്‌പിറ്റലിലാക്കിയെന്ന് .
ഇപ്പോഴും ചില സമയങ്ങളിൽ അവരുടെ രൂപം എൻ്റെ മനസ്സിലേക്ക് വരും. അവരുടെ സ്നേഹം നിറഞ്ഞ ആതിര എന്നുള്ള വിളിയും. ചിരിക്കുന്ന മുഖവും , മറ്റുള്ളവർ അവരെ നോക്കി പരിഹസിച്ചിട്ടും ഒട്ടും തല കുനിക്കാതെയുള്ള അവരുടെ നടത്തവും.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ