Diary Entry 1

മൂന്ന് മാസത്തെ അവധിക്കു ശേഷം ഞങ്ങൾ ഒറിഗണിൽ തിരിച്ചെത്തി . എന്ത് പെട്ടെന്നാണ് സമയം കടന്നു പോയത്. അല്ലേലും നാട്ടിൽ സമയം വേഗം പോകും. തിരിച്ചു പോകേണ്ട ഒരു തീയതി ഉണ്ടെങ്കിൽ പ്രത്യേകിച്ച് പറയണ്ട. ഞാൻ ഇത് എഴുതുമ്പോൾ ഇവിടെ സമയം രാവിലെ ഏഴു മണി. ഇന്നലെ വൈകുന്നേരം നേരത്തെ  കിടന്നുറങ്ങി പോയി. മൂന്നര ആയപ്പോൾ തന്നെ ഞാൻ എഴുന്നേറ്റു . ഓരോന്ന് ആലോചിച്ചു കിടന്നു മതിയായി ഹാളിൽ വന്നു. കുറച്ചു ദിവസം ജെറ്റ് ലാഗ് ആയിരിക്കും. പിന്നെ നാട്ടിൽ നിന്ന് തിരിച്ചു വന്നതിന്റെ  ഹാങോവർ .അവിടെ നടന്ന സംഭവങ്ങളും , ചെയ്ത കാര്യങ്ങളും, കണ്ട ആളുകളും മനസിലൂടെ കടന്നു പോകും. മുഴുവൻ സമയവും വീടിനുള്ളിൽ തന്നെ ആയിരുന്നു . കാരണം ലോക്കഡൗൺ തന്നെ.
ഞാൻ എൻ്റെ  വീട്ടിൽ എത്തിയാൽ ചെയുന്നത് എൻ്റെ  പഴയ സാധനങ്ങളൊക്കെ  എടുത്തു നോക്കുക എന്നതാണ്. ഞങ്ങളുടെ ചില്ലലമാരയിൽ അടുക്കി വെച്ചിരിക്കുന്ന പഴയ പുസ്തകങ്ങൾ എല്ലാം എടുത്തു നോക്കും. ഒരുപാടു പുസ്തകങ്ങളുണ്ട് എൻ്റെ  വീട്ടിൽ. ഒരു വീട്ടിലെ  എല്ലാവർക്കും വായനാശീലം ഉണ്ടാവുമ്പോൾ അനിവാര്യമാണല്ലോ ആ വീട്ടിൽ പുസ്തകങ്ങൾ നിറയുക എന്നുള്ളത്. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ഒരുപാടു പുസ്തകങ്ങൾ എൻ്റെ  വീട്ടിലുണ്ട്. ഒരു ചെറിയ ലൈബ്രറി തുടങ്ങാൻ മാത്രം കാണും. അതെല്ലാം നോക്കി മടുക്കുമ്പോൾ തൊടിയിൽ ചുമ്മാ നടക്കുകയായി. മാവും പ്ലാവും ആര്യവേപ്പും അതിൽ വന്നിരിക്കുന്ന പക്ഷികളെയും ഒക്കെ നോക്കി വെറുതെ നടക്കും . ഒരു രക്ഷപ്പെടലാണ്  അത് . താൽക്കാലികമായ ഒരു ഒളിച്ചോട്ടം. ചിലപ്പോൾ ഞാൻ ആലോചിക്കും എന്തിനു ഞാൻ വലുതായി. ഒരു കുട്ടിയായിരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ത് സുഖമായിരുന്നേനെ .ഇപ്പോൾ ഞാൻ എൻ്റെ വീട്ടിൽ നിന്ന് ഒരുപാടു ദൂരം  എത്തിക്കഴിഞ്ഞു . മനസ്സ് കൊണ്ടും ശരീരം കൊണ്ടും. ഞാൻ മാത്രമല്ല പോയ കാലത്തെ ഓർത്തു ദുഖിക്കുന്നതു എന്നറിയാം. പ്രായമേറുംതോറും നഷ്ടങ്ങളുടെ കണക്കുകൾ കൂടി വരും. 
അത് അവിടെ നിൽക്കട്ടെ. 
നാട്ടിൽ നിന്ന് കുറച്ചു രുചികൾ കൊണ്ട് വന്നിട്ടുണ്ട്. കായ വറുത്തത് , ശർക്കര ഉപ്പേരി, ചമ്മന്തി പൊടി, അവയിൽ ചിലത്‌ . പിന്നെ അമ്മമാർ തന്ന മസാല പൊടി .അപ്പോൾ കറികൾക്ക് അവരുണ്ടാക്കുന്ന  പോലത്തെ രുചി കിട്ടുമല്ലോ.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Diary Entry 2

A sane woman